
കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ബാരിക്കേഡിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലമ്പലം ചേന്നൻകോടിന് സമീപം മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകനായ അരുൺ കൃഷ്ണ (അക്കുടു – 20) ആണ് മരിച്ചത്. മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ ഒരു മണിയോടെ നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
മൂവരും ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു.റോഡിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ കടുത്ത ആഘാതത്തിൽ ബാരിക്കേഡ് തകർത്ത് ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീണു.അപകടത്തെത്തുടർന്ന് സുരക്ഷാ കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ നാട്ടുകാരാണ് ഏറെ പ്രയത്നപ്പെട്ട് പുറത്തെടുത്തത്.
എന്നാൽ അപ്പോഴേക്കും അരുൺ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. നിലവിൽ മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.