Banner Ads

ബാങ്ക് ലോക്കറുകൾക്ക് പിന്നാലെ ഭൂമിയും അളന്നു; വീണ വിജയനെതിരെ അന്വേഷണം കടുപ്പിച്ച് ഇഡി

കണ്ണൂർ : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെയുള്ള അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി ഉദ്യോഗസ്ഥർ കണ്ണൂർ പിണറായിയിലെ വീണയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ മിന്നൽ പരിശോധന നടത്തി.

പിണറായിയിലെ വീടിനോട് ചേർന്നുള്ള 80 സെന്റ് ഭൂമിയും സമീപത്തെ മറ്റ് സ്ഥലങ്ങളുമാണ് ഇഡി സംഘം അളന്നു തിട്ടപ്പെടുത്തിയത്. വില്ലേജ് ഓഫീസറുടെയും റവന്യൂ അധികൃതരുടെയും സഹായത്തോടെയാണ് ഇഡി സംഘം പരിശോധന നടത്തിയത്.

സ്ഥലത്തിന്റെ യഥാർത്ഥ ആധാരവുമായി ഒത്തുനോക്കിയായിരുന്നു അളക്കൽ പ്രക്രിയ. പരിശോധനയ്ക്ക് പിന്നാലെ ഈ വസ്തുവകകളുടെ നികുതി രേഖകളും മറ്റ് അനുബന്ധ റവന്യൂ സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥർ കൈക്കലാക്കിയിട്ടുണ്ട്. ആസ്തി വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ കള്ളപ്പണ നിക്ഷേപങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താനാണ് നീക്കം.

നേരത്തെ വീണ വിജയന്റെ ബാങ്ക് ലോക്കറുകൾ ഇഡി പരിശോധിച്ചിരുന്നു. കൂടാതെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ട് തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.