
പാലക്കാട് : ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പാലക്കാട് നഗരത്തിലെ സർക്കാർ യു പി സ്കൂളിലാണ് സംഭവം. കഴിഞ്ഞ മാസം സ്കൂളിൽ പാഠപുസ്തകം വാങ്ങാനെത്തിയതായിരുന്നു വിദ്യാർത്ഥിനി.
ഈ സമയം കുട്ടിയെ ക്ലാസ് മുറിയിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഇതേ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ മോശം പെരുമാറ്റവും അതിക്രമവും ഉണ്ടായിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നൽകി.
കുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പാലക്കാട് സൗത്ത് പോലീസിലും പരാതി നൽകുകയായിരുന്നു. അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.