
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും.
കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ് – ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിനിടെ അതിവേഗം അജണ്ടകൾ പാസായെന്ന് മേയർ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് ഹാജർ രജിസ്റ്ററിൽ ഒപ്പിടുന്നതിനെച്ചൊല്ലിയുള്ള തർക്കം പിടിവലിയിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു.
യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെഎസ് ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സുഗതൻ അയോഗ്യനാകും. ഇത് തടയാൻ ഹാജർ രജിസ്റ്ററിൽ കൃത്രിമം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെമ്പഴന്തി ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയത്.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ച വനിതാ കൗൺസിലർമാരെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്തു. എന്നാൽ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിക്കാനും പേജുകൾ കീറാനും യുഡിഎഫ് അംഗങ്ങളാണ് ശ്രമിച്ചതെന്ന് മേയർ വിവി രാജേഷ് ആരോപിച്ചു.