
തിരുവനന്തപുരം : സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുനസംഘടിപ്പിക്കുമെന്നും നികുതി വെട്ടിപ്പ് നടത്തുന്ന കള്ളക്കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും എന്തും കൊണ്ടുവന്ന് വിൽക്കാവുന്ന അവസ്ഥ ഇനി കേരളത്തിൽ അനുവദിക്കില്ല. ഇതിനായി ടാക്സ് ഡ്രൈവ് നടത്തും.
ബജറ്റിൽ സ്വകാര്യവൽക്കരണത്തെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ധാതുമേഖലയിലെ സ്വകാര്യ പങ്കാളിത്തവും കെഎംഎംഎല്ലിലെ പിപിപി നീക്കവും ആരംഭിച്ചത് കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് രേഖകൾ നിരത്തി അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കി പോകുന്ന പോക്കിലാണ് ഇതിനുള്ള നീക്കങ്ങൾ നടത്തിയത്.
2026 ഫെബ്രുവരി 25ന് ചേർന്ന കെഎംഎംഎൽ ഡയറക്ടർ ബോർഡിന്റെ 267-ാമത് യോഗമാണ് ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം തീരുമാനിച്ചതും ഹൈദരാബാദിലെ കമ്പനിക്ക് വർക്ക് ഓർഡർ നൽകാൻ നിശ്ചയിച്ചതും. എല്ലാം മുൻ സർക്കാർ ചെയ്തുവെച്ചു. എന്നിട്ടിപ്പോൾ ആക്ഷേപം യുഡിഎഫിനെതിരെയാണോ.
മിനറൽ കോറിഡോർ എന്നത് സ്വകാര്യവൽക്കരണമല്ല. ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരലുകൾ നിങ്ങളുടെ നേരെ വരുമെന്ന് ഓർക്കണം. പ്രതിപക്ഷത്തിന് തെറ്റ് പറ്റിയെന്ന് സമ്മതിച്ചാൽ അത് തിരുത്താൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ് സി/എസ് ടി ഭവന നിർമ്മാണ പദ്ധതി കൊണ്ടുവന്നത് ലൈഫ് പദ്ധതിയെ തകർക്കാനല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സർക്കാർ ഒന്നും ചെയ്യില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കി തുടങ്ങുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.