Banner Ads

താമരശ്ശേരിയിൽ വീണ്ടും വൻ വ്യാജവാറ്റ് ശേഖരം പിടികൂടി; 460 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും നശിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വീണ്ടും വൻ വ്യാജവാറ്റ് ശേഖരം പിടികൂടി. താമരശ്ശേരി ചമൽ മേഖലയിലെ മലമുകളിൽ മരങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റ് കേന്ദ്രം. ഇവിടെ സൂക്ഷിച്ചിരുന്ന 460 ലിറ്റർ വാഷും വിതരണത്തിനായി തയാറാക്കിയ 40 ലിറ്റർ വ്യാജ ചാരായവും ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചു.

കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്തുനിന്ന് വലിയ തോതിൽ വ്യാജവാറ്റ് പിടികൂടിയിരുന്നു.സ്കൂൾ വിദ്യാർത്ഥികളെ കാരിയർമാരാക്കി (വിതരണക്കാരായി) ഉപയോഗിച്ച് പ്രദേശത്ത് വ്യാപകമായി ചാരായ വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷും, വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ 220 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ ചാരായവും അധികൃതർ പിടിച്ചെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വൻ ശേഖരം പിടികൂടിയത്.തുടർച്ചയായി വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പൂർണ്ണസമയ നിരീക്ഷണം ഏർപ്പെടുത്താനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം. പൊലീസും എക്സൈസും സംയുക്തമായി വരും ദിവസങ്ങളിലും മലയോര മേഖലകളിൽ പരിശോധന വ്യാപകമാക്കും.മുൻപ് ചാരായക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വ്യാജചാരായം നിർമ്മിക്കുന്ന പ്രധാനികളെയും ഇത് വിതരണം ചെയ്യുന്ന ശൃംഖലയെയും കണ്ടെത്താനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.