Banner Ads

വിജയ്ക്ക് പിന്നാലെ ഞാനില്ല; രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർതാരം സൂര്യ

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്നും സൂപ്പർതാരം സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ സൂര്യ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തനിക്ക് താല്പര്യമെന്നും രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് താരം അറിയിച്ചു.

തമിഴ്നാട്ടിൽ ചർച്ചകൾക്ക് തുടക്കമിട്ടത് അഖിലേന്ത്യ സൂര്യ തലൈമൈ നർപണി ഇയക്കത്തിന്റെ (ആരാധക കൂട്ടായ്മ) ജില്ലാ ഭാരവാഹികളുടെ ആലോചനാ യോഗത്തിൽ ഉയർന്ന പരാമർശങ്ങളായിരുന്നു. കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞു.

സാഹചര്യം അനുകൂലമാകുമ്പോൾ സൂര്യ നമ്മളെ നയിക്കും അദ്ദേഹം ഒരു ജനനായകനായി മാറുന്നത് തടയാൻ ഇനി ആർക്കും കഴിയില്ല എന്നായിരുന്നു യോഗത്തിൽ ജില്ലാ ഭാരവാഹി പ്രസംഗിച്ചത്.

യോഗത്തിൽ പങ്കെടുത്ത മറ്റ് ഭാരവാഹികളും ഈ പ്രസ്താവനയെ കൈയടിച്ച് പിന്തുണയ്ക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെയാണ് വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന ചർച്ചകൾ ചൂടുപിടിച്ചത്.

പ്രസംഗം വിവാദമായതോടെ ഇത് സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ആരാധക കൂട്ടായ്മയുടെ കേന്ദ്ര നേതൃത്വം പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിരുന്നു. ഇതോടെയാണ് താരം തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.