
പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുകളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 20 ഓളം നായ്ക്കളുടെ സംരക്ഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി ജിജിത് (19) ആണ് പിടിയിലായത്.ഇക്കഴിഞ്ഞ ഫെബ്രുവരി 4-ന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയും സഹോദരൻ ആർ. രാഹുലും നേരത്തെ എക്സൈസിന്റെ പിടിയിലായിരുന്നു.ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴിപ്രകാരം, സുഹൃത്ത് ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. തുടർന്ന് നാലര മാസത്തോളം ജിജിത് ഒളിവിൽ കഴിയുകയായിരുന്നു.പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ താമസിച്ചിരുന്നത്.
ഇവിടെ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെ വീടിനകത്ത് നായ്ക്കളെ അഴിച്ചുവിട്ട് പ്രതി പ്രതിരോധം സൃഷ്ടിച്ചു. ഏകദേശം 20 നായ്ക്കളെ ഉപയോഗിച്ച് എക്സൈസ് സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും, ബിസ്കറ്റ് നൽകി നായ്ക്കളെ നിയന്ത്രിച്ച ശേഷം ഉദ്യോഗസ്ഥർ വീടിനകത്ത് കയറി പ്രതിയെ പിടികൂടുകയായിരുന്നു.