
കൊച്ചി: മാസപ്പടി കേസിൽ ടി. വീണയ്ക്കെതിരായ അന്വേഷണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം ആരംഭിച്ചതായി സൂചന.
വീണയുടെ എക്സലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ മാത്രം അന്വേഷണം ഒതുക്കാതെ, സിഎംആർഎൽ വിവിധ പ്രമുഖ വ്യക്തികളുമായും സ്ഥാപനങ്ങളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നൽകിയ മൊഴികളും അന്വേഷണത്തിന്റെ പ്രധാന അടിസ്ഥാനമായി പരിഗണിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ, ലഭിക്കുന്ന വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറുകയോ ചെയ്യുന്ന സാധ്യതകളും ഇഡി പരിശോധിച്ചുവരുന്നതായാണ് വിവരം.