Banner Ads

മഞ്ഞ കാർഡുടമകൾക്ക് ലഭിക്കുന്ന റേഷനിൽ മാറ്റം വരുന്നു; ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ നീക്കം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി നടപ്പിലാക്കുന്ന ‘അന്ത്യോദയ അന്നയോജന’ പദ്ധതി വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു. ഇതിനായി 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം രണ്ടാമതും ഭേദഗതി ചെയ്യാനാണ് സർക്കാരിന്റെ നീക്കം. പുതിയ ഭേദഗതി പ്രകാരം മഞ്ഞ റേഷൻ കാർഡുള്ള കുടുംബങ്ങളിലെ റേഷൻ വിതരണ രീതിയിലാണ് പ്രധാന മാറ്റം വരുന്നത്.

നിലവിൽ അന്ത്യോദയ പദ്ധതിയിലുള്ള ഒരു കുടുംബത്തിന്, അതിലെ അംഗങ്ങളുടെ എണ്ണം എത്രയായാലും പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്.എന്നാൽ പുതിയ നിർദ്ദേശപ്രകാരം ഇത് മാറുകയും, കുടുംബത്തിലെ ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം ഭക്ഷ്യധാന്യം നൽകുന്ന രീതി നിലവിൽ വരികയും ചെയ്യും.അംഗങ്ങളുടെ എണ്ണം കണക്കാക്കി റേഷൻ നൽകുമെങ്കിലും, ഒരു കുടുംബത്തിന് പ്രതിമാസം ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.

അതേസമയം, പാവപ്പെട്ടവരെ ബാധിക്കുന്ന ഈ നിയമഭേദഗതിയെ പാർലമെന്റിൽ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് 2017-ലും ഇതേ രീതിയിലുള്ള ഭേദഗതിക്കായി സർക്കാർ കരട് രേഖ പുറത്തിറക്കിയിരുന്നു. അതിനുശേഷം ഇത് രണ്ടാം തവണയാണ് നിയമഭേദഗതിക്കായുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.