Banner Ads

കനത്ത സുരക്ഷയിലും നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷ എഴുതിയ 9 പേർ അറസ്റ്റിൽ

ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷയിലും വൻ സുരക്ഷാവീഴ്ചയും ക്രമക്കേടുകളും. ബിഹാറിൽ യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷയെഴുതിയ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ ക്രമക്കേട് കാട്ടിയ ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം പരീക്ഷാ മൂല്യനിർണയ നടപടികൾ ആരംഭിച്ചതായും ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. അപേക്ഷകർക്ക് പകരം പരീക്ഷ എഴുതാൻ എത്തിയ ഒൻപത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘവുമായി ബന്ധമുള്ള 12 പേരെ പൊലീസ് ചോദ്യം ചെയ്തു. യുപിയിലെ ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ കേന്ദ്രത്തിൽ വെച്ച് പിടിയിലായത്. ഇയാളെ പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു.