Banner Ads

കോഴിക്കോട് മാവൂർ റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്; രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മാവൂരിലേക്ക് യാത്ര ആരംഭിച്ച ഉടനെയായിരുന്നു സംഭവം. മാവൂർ റൂട്ടിലോടുന്ന മലബാർ, നിള എന്നീ ബസുകളാണ് അപകടത്തിൽപ്പെട്ടത്.

മലബാർ ബസ് മുന്നിലുണ്ടായിരുന്ന നിള ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിള ബസിലെ രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. കോഴിക്കോട് ജില്ലയിൽ ബസുകളുടെ മത്സരയോട്ടം മൂലം ഉണ്ടാകുന്ന അപകടങ്ങൾ പതിവാകുകയാണ്. അടുത്തിടെ ഓർക്കാട്ടേരിയിലും സമാനമായ രീതിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.

പാനൂരിൽ നിന്ന് വടകരയിലേക്ക് പോയ കൈലാസ് ബസും വടകരയിൽ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന മസാഫി ബസും തമ്മിലുണ്ടായ മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്. ഇടിയില്‍ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.