Banner Ads

കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറിൽ കയറി ‘ഫ്രീ ടിക്കറ്റ്’ ചോദിച്ച് മഹിളാ മോർച്ച; ബസിനുള്ളിൽ യാത്രക്കാരുടെ പ്രതിഷേധം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെതിരെ കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. കോട്ടയം ബസ് സ്റ്റാൻഡിൽ പ്രതിഷേധിച്ച ശേഷം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ കയറിയ പ്രവർത്തകർ തങ്ങൾക്കും സൗജന്യ ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് വാഗ്ദാനം നൽകിയിട്ട്, ഭരണം കിട്ടിയപ്പോൾ ജനങ്ങളെ പറ്റിച്ച് വാക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് വനിതാ കണ്ടക്ടറോട് പ്രവർത്തകർ ചോദിച്ചു.മഹിളാ മോർച്ചയുടെ പ്രതിഷേധം നീണ്ടതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെട്ടു. തങ്ങളുടെ സമയം കളയരുതെന്നും പ്രതിഷേധം കാണിക്കേണ്ടത് ബസിനുള്ളിലല്ല, കെഎസ്ആർടിസി ഓഫീസിന് മുന്നിലാണെന്നും യാത്രക്കാർ വിളിച്ചുപറഞ്ഞു.

ഭരണം കിട്ടിയ ശേഷം ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മഹിളാ മോർച്ച പ്രവർത്തകർ ബസിനുള്ളിൽ പ്രതിഷേധം തുടർന്നത് നേരിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി.ബസ് പുറപ്പെടാൻ വൈകിയതോടെ യാത്രക്കാർ കൂടുതൽ ബഹളം വെയ്ക്കാൻ തുടങ്ങി. ഇതോടെ തങ്ങൾ വണ്ടി തടഞ്ഞിട്ടില്ലെന്നും, പ്രഖ്യാപിക്കപ്പെട്ട സൗജന്യ യാത്രയ്ക്ക് വേണ്ടി ബസിൽ കയറിയതാണെന്നും മഹിളാ മോർച്ച പ്രവർത്തകർ വിശദീകരിക്കാൻ ശ്രമിച്ചു.

എന്നാൽ ബസിനുള്ളിൽ പ്രതിഷേധം നടക്കുമ്പോൾ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം.യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഉയർന്നതോടെ, വണ്ടി തടയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മഹിളാ മോർച്ച പ്രവർത്തകർ ഒടുവിൽ സമരം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.