
തൃശ്ശൂർ : സംസ്ഥാനത്തെ സർവ്വകലാശാലാ വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലാതെ മന്ത്രിമാർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും മന്ത്രി കെഎം ഷാജിയും ഒഴിഞ്ഞുമാറി.
വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്നലെ താൻ മാധ്യമങ്ങളോട് കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചതാണെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മറുപടി. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുണ്ടെന്നും മന്ത്രി കെഎം ഷാജി പറഞ്ഞു.
മൈക്ക് കാണുമ്പോൾ എപ്പോഴും പ്രതികരിക്കണമെന്നില്ല എന്നും ഷാജി കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് നാല് വിസിമാരാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെന്നും ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
യുഡിഎഫ് സർക്കാരിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം. മത പരിപാടികളിൽ വി സിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.