Banner Ads

ഞാൻ ക്ലിഫ് ഹൗസ് വേഗം ഒഴിഞ്ഞു, കന്റോൺമെന്റ് ഹൗസ് ഇതുവരെ തന്നില്ല; വിഡി സതീശനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വിട്ടുനൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

വസതിയും ഓഫിസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ തന്റെ പ്രതിഷേധം പരസ്യമാക്കിയത്. താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

എന്നാൽ തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി ഡി സതീശൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കന്റോൺമെന്റ് ഹൗസ് വിട്ടുകിട്ടാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് പിണറായി വിജയൻ കഴിയുന്നത്. ആകാവുന്ന അത്രയും വേഗം ഞാൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് നൽകിയിരുന്നു.

പുതിയ മുഖ്യമന്ത്രി എപ്പോൾ ക്ലിഫ് ഹൗസിലേക്ക് താമസം മാറുമെന്ന് എനിക്കറിയില്ല. അറ്റകുറ്റപ്പണികൾ അവിടെയും വേണ്ടിവരുമല്ലോ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞ് തരാത്തതിനാലാണ് എകെജി സെന്ററിൽ വന്ന് വാർത്താസമ്മേളനം നടത്തേണ്ടി വന്നതെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശൻ എന്ന് ക്ലിഫ് ഹൗസിലേക്ക് മാറുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾ താമസത്തിനെത്തുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്.