
കൊച്ചി : സ്ത്രീകൾക്കായി നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ സിപിഎം. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.
കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യം പരിമിതപ്പെടുത്തിയതിനെ എംവി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും ഇപ്പോൾ അത് മാറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
മലബാറിൽ ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെപ്പറ്റിക്കലാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നാണെങ്കിൽ ചെയ്യുന്നത് മറ്റൊന്നാണ്. എംവി ഗോവിന്ദന് മറുപടിയുമായി ഗതാഗത മന്ത്രി സിപി ജോൺ രംഗത്തെത്തി.
സിപിഎമ്മിന്റേത് വിനാശകാലേ വിപരീത ബുദ്ധിയാണ്. സാധാരണക്കാരായ തൊഴിലാളി സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പദ്ധതിയെ തൊഴിലാളി വർഗ്ഗ പാർട്ടി തന്നെ ബഹിഷ്കരിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്. ഈ പദ്ധതി ബഹിഷ്കരിച്ചാൽ അവർക്ക് ബസ് മിസ്സാകും.
സിപിഎം പല തെറ്റുകളും പിന്നീട് തിരുത്താറുള്ളത് പോലെ ഇതും തിരുത്തേണ്ടി വരും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി സി പി ജോൺ പറഞ്ഞു. പ്രിയദർശിനി പദ്ധതി വഴി കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത പരിഹരിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
തുക മാസം അവസാനം നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനം കെഎസ്ആർടിസി തള്ളിയിരുന്നു. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ മാസംതോറും 125 കോടി രൂപ നൽകുന്നുണ്ട്. ഇതിന് പുറമെ സൗജന്യ യാത്രയ്ക്കായി പ്രതിമാസം 60 കോടി രൂപ കൂടി അധികമായി കണ്ടെത്തേണ്ടതുണ്ട്.
ബാങ്കുകൾ വഴി കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സർക്കാർ ഗ്യാരന്റി നിൽക്കും. മാസം ആദ്യം തന്നെ ഈ തുക കെഎസ്ആർടിസിക്ക് മുൻകൂറായി ലഭ്യമാകും.
മാസം അവസാനത്തോടെ പലിശ സഹിതം ഈ തുക സർക്കാർ ബാങ്കുകളിൽ അടച്ചുതീർക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് സർക്കാരിന്റെ തീരുമാനം.