Banner Ads

‘ഓപ്പറേഷൻ തൂഫാൻ’: പെരുമ്പാവൂരിൽ ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ

കൊച്ചി: കൊച്ചിയിൽ ലഹരി വിരുദ്ധ വേട്ട ശക്തമാക്കി പോലീസ്. പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിലായി. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇവരിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുത്തു.

ചെറിയ കുപ്പികളിലും സിപ് ലോക്ക് കവറുകളിലുമായി വിപണനത്തിന് തയ്യാറാക്കിയ നിലയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. അസമിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഹെറോയിൻ പെരുമ്പാവൂരിൽ ഒരു ബോട്ടിലിന് 1,000 രൂപ എന്ന നിരക്കിലാണ് ഇവർ വിറ്റിരുന്നത്. പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.

ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്നവരെക്കുറിച്ചും ഇവരിൽ നിന്ന് സ്ഥിരമായി വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, എസ്ഐ ജോജോ ജോർജ്, സിപിഒമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിലും മേഖലയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.