Banner Ads

വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; കെ എസ് യു പ്രവർത്തകർക്കെതിരെയുള്ള വധശ്രമക്കുറ്റം ഒഴിവാക്കി പൊലീസ്

കണ്ണൂർ : മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകളാണ് കേസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ വർഷം ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിന് നേരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ അഞ്ച് കെ എസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ വധശ്രമത്തിനോ മാരകായുധങ്ങൾ ഉപയോഗിച്ചതിനോ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

അതേസമയം മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുക, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.