Banner Ads

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് നിപ സ്ഥിരീകരിച്ചത്.

രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷൻ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ അർദ്ധരാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡ് പൂർണ്ണമായും ഒഴിപ്പിച്ചാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചത്. ഈ മേഖലയിൽ നിലവിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗിയുടെ കുടുംബാംഗങ്ങളും സമ്പർക്കത്തിൽ വന്ന ബന്ധുക്കളും നിലവിൽ നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇയാളുമായി സമ്പർക്കത്തിലായ രണ്ട് ജീവനക്കാരെയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് വൈകീട്ടോടെ ലഭിക്കും. പുനെ വൈറോളജി ലാബിൽ നിന്നുള്ള അന്തിമ ഫലം വന്ന ശേഷമാകും ആരോഗ്യവകുപ്പ് ഔദ്യോഗിക സമ്പർക്കപ്പട്ടിക പുറത്തുവിടുക.

ഫറോഖിലെ ഒരു പഴയ ഗോഡൗൺ ഇയാൾ അടുത്തിടെ വൃത്തിയാക്കിയിരുന്നുവെന്നും അവിടെയുള്ള വവ്വാലുകളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സാഹചര്യം വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുമായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തും, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ടും അടിയന്തര ഉന്നതതല യോഗങ്ങൾ ചേർന്നു.