
തൃശ്ശൂർ : തൃശ്ശൂർ പെരുമ്പിലാവ് ആൽത്തറയിൽ കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു. ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ കോമളം (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുന്നംകുളം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കോമളത്തെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.