
ദുബായ് : ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുമായി യുഎഇ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു.
ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാതൊരുവിധ പുതിയ വിസകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല. രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തിയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.