
കൽപ്പറ്റ : വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. 150 ഓളം കുട്ടികൾ പനിയും ഛർദ്ദിയും ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഒന്നാം തീയതി മുതൽ ചില കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു.
വിദ്യാർത്ഥികൾക്ക് പുറമെ സ്കൂളിലെ ഒരു അധ്യാപികയ്ക്കും ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രോഗകാരണം കണ്ടെത്താനായി ആരോഗ്യവകുപ്പ് സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളിലടക്കം പരിശോധന ആരംഭിച്ചിട്ടുണ്ട്.