Banner Ads

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; കാറിൽ കടത്തിയ 25 ചാക്ക് പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കാറിൽ കടത്തുകയായിരുന്ന 25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. കൊല്ലം കൊട്ടിയം മയ്യനാട് ഈഞ്ചവിള വീട്ടിൽ പ്രവീൺ ആണ് കഴക്കൂട്ടം പൊലീസിന്റെയും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്.

ഇന്നലെ രാവിലെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപത്തെ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കാറിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലാകുന്നത്.

പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ തന്ത്രപരമായി വളഞ്ഞുപിടികൂടുകയായിരുന്നു. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾക്ക് പൊതുവിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.