Banner Ads

പിടിച്ചുനിൽക്കാൻ വയ്യ; ജൂൺ 8ന് സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് ഉടമകളുടെ ധർണ്ണ

ഇടുക്കി : അനിയന്ത്രിതമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഈ മാസം എട്ടാം തീയതി (ജൂൺ 8) സംസ്ഥാനവ്യാപകമായി ധർണ്ണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാർ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഇടുക്കിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബസ് വ്യവസായത്തോടുള്ള നികുതികൾ വെട്ടിക്കുറയ്ക്കണമെന്നും, ഇന്ധന സബ്സിഡി അനുവദിക്കാൻ തയ്യാറാകണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കെ കെ തോമസ് പറഞ്ഞു.

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്നും കാലോചിതമായ മാറ്റം വരുത്താൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.