Banner Ads

വിജയ് ഭരണത്തിൽ സെന്തിൽ ബാലാജി കുടുങ്ങുമോ? പ്രോസിക്യൂഷൻ ഫയലുകൾ രാജ്ഭവനിലെത്തിച്ച് തമിഴ്‌നാട് സർക്കാർ!

ചെന്നൈ : ജോലിക്ക് കോഴ വാങ്ങിയ കേസിൽ മുൻ മന്ത്രി സെന്തിൽ ബാലാജിയെ പൂട്ടാൻ നീക്കങ്ങളുമായി വിജയ് സർക്കാർ. സെന്തിൽ ബാലാജിക്കെതിരെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ ഗവർണർക്ക് പ്രോസിക്യൂഷൻ അനുമതി തേടി കത്ത് നൽകി.

ഇ ഡിയുടെ അപേക്ഷയിൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി സി ജോസഫ് വിജയ് അനുമതി നൽകിയതോടെ ഫയലുകൾ രാജ്ഭവനിൽ എത്തിക്കുകയായിരുന്നു.  ആർ എൻ രവി ഗവർണറായിരിക്കെ ഇ ഡി സമർപ്പിച്ച കത്ത് രാജ്‌ഭവൻ തമിഴ്‌നാട് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ, ഇ ഡി നേരിട്ട് തങ്ങളെ സമീപിക്കണമെന്ന നിലപാടാണ് അന്ന് ഡിഎംകെ സർക്കാർ സ്വീകരിച്ചത്.

പിഎംഎൽഎ നിയമപ്രകാരം ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തത് മന്ത്രിസ്ഥാനത്തിരിക്കെ ആണെങ്കിൽ അതിന് അനുമതി നൽകേണ്ടത് സർക്കാരാണെന്നായിരുന്നു അന്ന് ഡിഎംകെ സ്വീകരിച്ചിരുന്ന നിലപാട്. 2011ലെ ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി കോഴ വാങ്ങി നിയമനങ്ങൾ നടത്തി എന്നാണ് കേസ്.