
കണ്ണൂർ : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ/സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഒൻപതാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടില്‍ ശനി, ഞായർ ദിവസങ്ങളില്‍ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.