
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അപൂർവ്വ ഇനം പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അരിപ്ര മേൽമുറി സ്കൂളിലെ വിദ്യാർത്ഥിയാണ്.ദിവസങ്ങൾക്ക് മുൻപാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.
അപകടം വിനോദയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെ കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് നസലിന് പാമ്പ് കടിയേൽക്കുന്നത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ, പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.ചികിത്സയ്ക്ക് തിരിച്ചടിയായ ആന്റിവെനത്തിന്റെ കുറവ്
‘ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട’ ചോനലി) പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് മെഡിക്കൽ സംഘം സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന നാല് പ്രധാന വിഷപ്പാമ്പുകൾക്കെതിരെയുള്ള ആന്റിവെനം (Polyvalent Anti-snake Venom) ഇവിടെ ലഭ്യമാണെങ്കിലും, ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട പാമ്പിന്റെ വിഷത്തിനുള്ള ആന്റിവെനം നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല.ഇത് കുട്ടിയുടെ ചികിത്സയെ ഗുരുതരമായി ബാധിച്ചു. വിദേശത്തുനിന്നും അടിയന്തരമായി ആന്റിവെനം എത്തിക്കാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും, മരുന്നെത്തുന്നതിന് മുൻപ് തന്നെ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.