Banner Ads

“ഇതൊരു തുടക്കം മാത്രം, തളർത്താമെന്ന് വ്യാമോഹിക്കേണ്ട”; ഇ.ഡി റെയ്ഡിന് ശേഷം ആഞ്ഞടിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന പൂർത്തിയായി. ബേക്കറി ജങ്ഷനിലെ വാടക വസതിയിൽ മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ പിണറായി വിജയൻ വീടിന് മുന്നിൽ തടിച്ചുകൂടിയ സി.പി.എം പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

“ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ. ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല,” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയതോടെ വൻ സംഘർഷമാണ് അരങ്ങേറിയത്. ഉദ്യോഗസ്ഥർ കാറിൽ കയറിയതിന് പിന്നാലെ സി.പി.എം പ്രവർത്തകർ വാഹനത്തിന് നേരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. പ്രതിഷേധക്കാർ ഇ.ഡി സംഘത്തിന്റെ കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ പൂർണ്ണമായി അടിച്ചുതകർത്തു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസും പ്രവർത്തകരും തമ്മിൽ വൻ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയത്.പ്രവർത്തകരുടെ ആക്രമണത്തിൽ വാഹനത്തിലുണ്ടായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഉദ്യോഗസ്ഥരുടെ വാഹനം സുരക്ഷയ്ക്കായി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റ ഉദ്യോഗസ്ഥരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്. പ്രദേശത്ത് ഇപ്പോഴും കനത്ത പോലീസ് കാവൽ തുടരുകയാണ്.