
ഹരിപ്പാട്: താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ 19-കാരിയായ അമ്മയ്‌ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് പെൺകുട്ടി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്കിടെ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച പെൺകുട്ടി വിശദമായ പരിശോധനകളോട് സഹകരിച്ചില്ല. വേദനസംഹാരി നൽകിയിട്ടും കുറയാത്തതിനാൽ ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
തുടർന്ന് അർദ്ധരാത്രി 12.15-ഓടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം പൊക്കിൾകൊടി സ്വയം മുറിച്ചുമാറ്റിയ ശേഷമാണ് കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. കനത്ത ഇരുട്ടിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് രക്ഷകരായത്.
കുഞ്ഞിനെയും അമ്മയെയും ഉടൻ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഇരുവരും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. സംഭവത്തിൽ വീയപുരം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.