
മണ്ണാറകുളഞ്ഞി: മണ്ണാറകുളഞ്ഞി ആശുപത്രിക്ക് സമീപമുള്ള ഒരു വീട്ടിൽ പുലർച്ചെ നാടിനെ നടുക്കിയ സംഭവമുണ്ടായി. കിടന്നുറങ്ങുകയായിരുന്ന ആളുടെ കാലിൽ മാരക വിഷമുള്ള ശംഖുവരയൻ പാമ്പ് ചുറ്റിക്കിടന്നത് വലിയ പരിഭ്രാന്തി പരത്തി. കടിയേൽക്കാതെ തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.ഇന്ന് വെളുപ്പിനായിരുന്നു സംഭവം. ഉറക്കത്തിനിടയിൽ കാലിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതോടെ ഇദ്ദേഹം പെട്ടെന്ന് കാല് കുടയുകയായിരുന്നു.
ഈ സമയം കാലിൽ ചുറ്റിയിരുന്ന പാമ്പ് മുറിയിലേക്ക് തെറിച്ചുവീണു. അവിടെ നിന്നും ജനലിലേക്ക് ഇഴഞ്ഞു കയറിയ പാമ്പ്, പിന്നീട് മുറിയിലുണ്ടായിരുന്ന ടെലിവിഷന്റെ ഉള്ളിലേക്ക് കയറി ഒളിക്കുകയായിരുന്നു. അത്യന്തം അപകടകാരിയായ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്.ടിവിക്കുള്ളിൽ പാമ്പ് ഒളിച്ചിരിക്കുന്നു എന്ന വിവരമറിഞ്ഞ് പ്രശസ്ത പാമ്പുപിടുത്തക്കാരനായ ഉതിമൂട് മാത്തുകൂട്ടി ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് ഏറെ ശ്രദ്ധയോടെ ടെലിവിഷൻ തുറന്ന്, ഉള്ളിലിരുന്ന ശംഖുവരയൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.