Banner Ads

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി വിജയ്; കാർഷിക കടങ്ങൾ എഴുതിത്തള്ളി, സിനിമാ മേഖലയ്ക്കും ഇളവുകൾ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ്. കർഷകർക്കായി വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പുതിയ സർക്കാർ, പ്രതിസന്ധിയിലായ തമിഴ് സിനിമാ മേഖലയ്ക്കും വലിയ ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു. കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിനൊപ്പം തിയേറ്ററുകളിൽ കൂടുതൽ പ്രദർശനങ്ങൾ നടത്തുന്നതിനുള്ള അനുമതിയും സർക്കാർ നൽകി.

കാർഷിക മേഖലയ്ക്ക് വലിയ ഊന്നൽ നൽകുന്നതാണ് പുതിയ മുഖ്യമന്ത്രിയുടെ ഉത്തരവുകൾ.അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3,500 രൂപയായും, കരിമ്പിന്റേത് ടണ്ണിന് 4,500 രൂപയായും ഉയർത്തി.

രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും.തിയേറ്ററുകളിലെ പ്രതിസന്ധി പരിഹരിക്കാനും വരുമാനം വർദ്ധിപ്പിക്കാനുമായി സിനിമകളുടെ പ്രദർശന സമയം വർദ്ധിപ്പിച്ചു. ഇതനുസരിച്ച് പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഒരാഴ്ച ഒരു തിയേറ്ററിൽ അഞ്ച് പ്രദർശനങ്ങൾ വീതം നടത്താൻ അനുമതിയുണ്ടാകും.

“രാഷ്ട്രീയം എന്നത് പണം പിരിക്കാനുള്ളതല്ല, ജനങ്ങളെ സേവിക്കാനുള്ളതാണ്” എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.