Banner Ads

ബസിനുള്ളിൽ വെള്ളമെത്തും; കുറഞ്ഞ വിലയിൽ കെഎസ്ആർടിസിയുടെ സ്വന്തം കെഎൽ 15

തിരുവനന്തപുരം : യാത്രക്കാർക്ക് ബസുകൾക്കുള്ളിൽ തന്നെ കുപ്പിവെള്ളം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കെഎസ്ആർടിസി. കെഎൽ 15 എന്ന ബ്രാൻഡ് നാമത്തിലാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കുപ്പിവെള്ളം വിൽപനയ്‌ക്കെത്തിക്കുന്നത്.

സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ആണ് കെഎസ്ആർടിസിക്ക് വേണ്ടിയുള്ള വെള്ളം നൽകുന്നത്. വിപണിയിലെ മറ്റ് കുപ്പിവെള്ളങ്ങളെക്കാൾ വില കുറച്ച് 13 രൂപയ്ക്കാണ് കെഎൽ 15 യാത്രക്കാർക്ക് നൽകുക. കുപ്പിവെള്ളം വിൽക്കുന്നതിലൂടെ കണ്ടക്ടർക്ക് 2 രൂപയും ഡ്രൈവർക്ക് 1 രൂപയും കമ്മീഷനായി ലഭിക്കും.

ടിക്കറ്റ് ഓൺലൈനായി റിസർവ് ചെയ്യുന്നവർക്ക് വെള്ളത്തിന്റെ തുക കൂടി ടിക്കറ്റിനൊപ്പം ഈടാക്കി കുപ്പി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിലൂടെ പ്രതിദിനം 8 ലക്ഷം രൂപയുടെ ലാഭമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കുപ്പിവെള്ള വിതരണത്തിനൊപ്പം തന്നെ ബസുകൾക്കുള്ളിലെ ശുചിത്വം ഉറപ്പാക്കാനും കെഎസ്ആർടിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

എല്ലാ ബസുകൾക്കുള്ളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ശേഖരിക്കപ്പെടുന്ന മാലിന്യം കെഎസ്ആർടിസി തന്നെ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യും. ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകളിലാകും കുപ്പിവെള്ളം വിതരണം ചെയ്യുക. വിജയിച്ചാൽ ഇത് എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.