
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുവന്നു തുടങ്ങിയെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണ്ട് നിലനിന്നിരുന്ന കോ-ലീ-ബീ (കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി) സഖ്യത്തിന് സമാനമായ ഡീൽ ആണ് ഇത്തവണ നടന്നത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഈ നീക്കുപോക്കുകൾ നടന്നതെന്നും വോട്ട് മറിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയിലെ തന്നെ ചില നേതാക്കളെ പുറത്താക്കിയത് ഇതിന് തെളിവാണെന്നും ഗോവിന്ദൻ ആരോപിച്ചു.
വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. ഇടത് പ്രവർത്തകരെ ആക്രമിക്കാനുള്ള പ്രകോപനങ്ങളെ ജാഗ്രതയോടെ നേരിടണം. പൊലീസിനെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ടിപി സെൻകുമാറും ആർ ശ്രീലേഖയും ഉൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. നിതിൻ രാജിന്റെ ആത്മഹത്യ അത്യന്തം ഗൗരവകരമാണ്.
സമൂഹത്തിൽ ജാതീയത ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശക്തമായ ഇടപെടൽ വേണം. നന്ദഗോവിന്ദം ഭജൻസിനെതിരായ ആക്രമണം കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢശ്രമമാണ്. ഇത്തരം ശക്തികളെ വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.