Banner Ads

നിളയുടെ ഓളപ്പരപ്പിൽ അസ്തമയ സൂര്യനെ നോക്കി ഒരിടം; പട്ടാമ്പിയിൽ പുതിയ ഹാങ്ങ് ഔട്ട് സ്പോട്ട്.

പാലക്കാട്: പുഴയുടെ ഓളപ്പരപ്പുകൾക്ക് അരികിലിരുന്ന് സൂര്യ അസ്തമയം കണ്ടു പ്രകൃതിയെ ആസ്വദിച്ചു സായാഹ്ന വേളകൾ ആനന്ദകരമാക്കാൻ പട്ടാമ്പിയിൽ പുതിയൊരു ഇടം കൂടി. കൊടുമുണ്ട തീരദേശ റോഡിൽ ഭാരതപ്പുഴയോരത്ത് പ്രകൃതി കനിഞ്ഞരുളിയ ഇവിടേക്ക് നിരവധി ആളുകളാണ് എത്തുന്നത്.

ചുട്ടുപൊള്ളുന്ന വെയിലിൽ പച്ച പുതച്ച പുഴയോരത്ത് അല്പനേരം ചിലവഴിക്കാൻ ഒരിടം. പട്ടാമ്പിയിലെ തീരദേശ റോഡിനോട് ചേർന്നുള്ള ഈ പുഴയോരത്തേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്.നിളയുടെ ഓളപ്പരപ്പിലെ പച്ചപ്പിൽ ഇരുന്നുകൊണ്ട് അസ്തമയ സൂര്യൻറെ ദൃശ്യഭംഗി ആസ്വദിക്കാൻ കുടുംബം മൊത്തം കൂട്ടുകാരുമൊത്തും എത്തുന്നവർക്ക് പ്രത്യേക വൈബ് ആണ് ഇവിടം സമ്മാനിക്കുന്നത്.

ഫോട്ടോഷൂട്ടിനും റിലീസ് ചിത്രീകരണത്തിനും ഒക്കെ ആളുകൾ എത്തിത്തുടങ്ങിയതോടെ കൊടുമുണ്ടയിലെ ഈ ഇടം സമൂഹമാധ്യമങ്ങളിൽ ഒരു ടൂറിസം ഡെസ്റ്റിനേഷൻ സാധ്യത നൽകുന്നുണ്ട്.മണൽ പരപ്പിലെ ഇടങ്ങളിൽ ഇളം നീല നിറത്തിൽ പൂത്തു നിൽക്കുന്ന ചെടികൾ, പുഴയിലേക്ക് നീട്ടിയ ഈരയിൽ മീൻകോർക്കുന്ന ചൂണ്ടക്കാർ, തീറ്റ തേടി അലയുന്ന കന്നുകാലികൾ, പ്രകൃതി കനിഞ്ഞരുളിയ ഗൃഹാതുര അനുഭവങ്ങൾ അറിഞ്ഞാണ് സഞ്ചാരികൾ മടങ്ങുന്നത്.