
മലപ്പുറം : കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്ത് അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (24/04/2026) തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 41°C വരെയും, തൃശ്ശൂരിൽ 40°C വരെയും ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കും. ഏപ്രിൽ 25, 26 തീയതികളിലും സമാനമായ രീതിയിൽ ഉയർന്ന താപനില തുടരും.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം പുനഃക്രമീകരിക്കുകയും ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കുകയും വേണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടുക.