Banner Ads

സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ: വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി.

കോസ്റ്റ് ഗാർഡിന്റെ ‘ചേതക്’ വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളിലെത്തിയത്. ക്ഷേത്രത്തിന് തൊട്ടുമുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ഭക്തർക്കിടയിലും സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.അതീവ സുരക്ഷയുള്ള മേഖലയിലൂടെ ഹെലികോപ്റ്റർ കടന്നുപോയതിനെക്കുറിച്ച് പ്രാദേശിക പോലീസിനോ പമ്പാ പോലീസിനോ മുൻകൂട്ടി അറിവുണ്ടായിരുന്നില്ല.

ഇത് സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മയായാണ് വിലയിരുത്തപ്പെടുന്നത്.താഴ്ന്ന് പറന്നത് ബോധപൂർവ്വമല്ലെന്നും കാലാവസ്ഥയിലെ വ്യതിയാനമാണ് ഇതിന് കാരണമായതെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമായതിനെ തുടർന്ന് ഹെലികോപ്റ്ററിന്റെ കാഴ്ച മറയുകയും ദിശ മാറുകയും ചെയ്തു.

മേഘങ്ങൾ നിറഞ്ഞപ്പോൾ സുരക്ഷിതമായ വഴി കണ്ടെത്താനാണ് താഴ്ന്ന് പറന്നതെന്നും മറ്റ് സാങ്കേതിക പ്രശ്നങ്ങളില്ലെന്നും കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു.എങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിശദമായ റിപ്പോർട്ട് നൽകാൻ എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.