
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ബിജെപി തരംഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾ ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്ക് മാറിയതിന്റെ സൂചനയാണ് ഉയർന്ന പോളിംഗ് ശതമാനമെന്നും അമിത് ഷാ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ബിജെപി മികച്ച മുന്നേറ്റം നടത്തും.
ആകെയുള്ള സീറ്റുകളിൽ 110ലധികം ബിജെപിക്ക് ലഭിക്കുമെന്നും മമത ബാനർജിക്ക് ഇനി നിലനിൽപ്പില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിൽ വന്നാൽ മണ്ണിന്റെ മകൻ തന്നെയാകും മുഖ്യമന്ത്രി. ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ള ഒരാൾ തന്നെ സംസ്ഥാനത്തെ നയിക്കുമെന്നും ഷാ വ്യക്തമാക്കി. മമതയുടെ ഭരണകാലത്ത് പതിനായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന്റെ വിവരങ്ങൾ പുറത്തുവിടും.
നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറ്റവും കർശനമായി തടയുമെന്നും അമിത് ഷാ ഉറപ്പുനൽകി. സ്ത്രീ സുരക്ഷയ്ക്കും അഴിമതിരഹിത ഭരണത്തിനുമായി ജനങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നു. കടന്നുചെല്ലാൻ പ്രയാസമെന്ന് കരുതിയ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ച ആത്മവിശ്വാസം ബംഗാളിലും ബിജെപിക്കുണ്ടെന്ന് അമിത് ഷാ കൂട്ടിചേർത്തു.