
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില അസാധാരണമായി ഉയർന്ന സാഹചര്യത്തിൽ അങ്കണവാടികളിലെ പ്രീ-സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂട് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.പ്രീ-സ്കൂൾ കുട്ടികൾക്ക് മാത്രമാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും സുരക്ഷാ മുന്നറിയിപ്പുകൾ കണക്കിലെടുത്താണ് ഈ തീരുമാനം.കുട്ടികൾക്ക് നൽകി വരുന്ന സപ്ലിമെന്ററി ന്യൂട്രീഷൻ (പോഷകാഹാരം) മുടങ്ങില്ല. അവധി കാലയളവിൽ ഇത് കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.പ്രീ-സ്കൂൾ ക്ലാസുകൾ ഒഴികെയുള്ള അങ്കണവാടികളുടെ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പതിവുപോലെ തുടരും.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.