
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. 18 പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പത്ത് പേരുടെ നില ഗുരുതരമാണ്. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം എന്നിവരെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ പ്രത്യേക സംവിധാനം ഒരുക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.