
ദില്ലി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാജ്യത്തോടുള്ള അഭിസംബോധനക്കെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകിപ്പിക്കുന്നു. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് നൽകിയ പരാതികളിൽ ഇതുവരെയും പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കി.
കമ്മീഷൻ നടപടിയെടുക്കാത്ത പക്ഷം നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബില്ലിന്റെ പരാജയത്തിന് പിന്നാലെ കേന്ദ്രം ഇത്തരമൊരു ചർച്ച ഉയർത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.സർക്കാർ സംവിധാനങ്ങളും ഔദ്യോഗിക മാധ്യമങ്ങളും ദുരുപയോഗം ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം നടത്തിയതെന്ന് പി. സന്തോഷ് കുമാർ എം.പി പരാതിയിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായുള്ള പ്രസംഗമായിരുന്നുവെന്ന് സന്തോഷ് കുമാർ എം.പിയും അനിൽ അക്കരയും കുറ്റപ്പെടുത്തി.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര കമ്മീഷന് ഓർമ്മപ്പെടുത്തൽ കത്ത് അയച്ചു.
ഗൗരവകരമായ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടും കമ്മീഷൻ പുലർത്തുന്ന നിശബ്ദത ജനാധിപത്യ വിരുദ്ധമാണെന്ന് നേതാക്കൾ ആരോപിക്കുന്നു.അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഏപ്രിൽ 30-ന് ഒരു ദിവസം നീളുന്ന സമ്മേളനത്തിൽ ‘വനിതാ ശാക്തീകരണം’ ചർച്ച ചെയ്യാനാണ് യോഗി സർക്കാരിന്റെ തീരുമാനം. പ്രതിപക്ഷ വിമർശനങ്ങളെ നേരിടാനുള്ള രാഷ്ട്രീയ തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്.