Banner Ads

ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തിനെ വിടാതെ എസ്ഐടി, ചോദ്യം ചെയ്യൽ മൂന്നാം തവണയും

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രശാന്തിനെ ചോദ്യം ചെയ്യുന്നത് ഇത് മൂന്നാം തവണയാണ്. ബോർഡ് മുൻ അംഗം അജികുമാറിനെയും ചോദ്യം ചെയ്തു.

ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയതെന്ന് എസ്ഐടി കണ്ടെത്തി. ഇത് വിവാദമായതോടെ പിഎസ് പ്രശാന്ത് നേരത്തെ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷ നൽകിയിരുന്നു. അജികുമാറും പോറ്റിയുമായി സൗഹൃദമുണ്ടെന്നും എസ്ഐടി പറയുന്നു.

2025 സെപ്റ്റംബർ 7ന് പാളികൾ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. സന്നിധാനത്തെത്തിയും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയുമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി കേസിൽ നിർണായകമാകും.

സ്വർണം പൂശാൻ കരാറെടുത്ത സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിൽ കമ്മീഷണർ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഇവർ യോഗ്യരാണെന്ന് റിപ്പോർട്ട് നൽകി. ഈ നിലപാട് മാറ്റത്തിന് പിന്നിൽ ആരുടെയെങ്കിലും സമ്മർദ്ദമുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്.