
കോഴിക്കോട്:ചിക്കൻ സ്റ്റാളിൽ മോഷണം നടത്താൻ കയറിയ യുവാവിനെ കടയ്ക്കുള്ളിലിട്ട് പൂട്ടി നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു. താമരശ്ശേരി പരപ്പൻപൊയിലിലെ എം.ആർ ചിക്കൻ സ്റ്റാളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കണ്ണൂർ തോട്ടങ്കൽ തടിക്കാവ് സ്വദേശി ടി.സി മഹേഷിനെയാണ് (30) താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കടയുടെ വാതിലിന് പൂട്ടില്ലാത്തത് ശ്രദ്ധയിൽപ്പെട്ട മഹേഷ് അകത്തുകയറി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്നവർ ഇയാളുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മോഷ്ടാവാണെന്ന് ഉറപ്പായതോടെ ഇവർ തന്ത്രപൂർവ്വം കടയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴും പ്രതി കടയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.പിടിയിലായ മഹേഷ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ വട്ടക്കുണ്ടിലെ പച്ചക്കറി കടയിലും കാരാടിയിലെ ’18 കഫെ’ എന്ന ഷോപ്പിലും നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇയാൾ തന്നെയാണെന്ന് കടയുടമകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. താമരശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.