
തമിഴ്നാട് കൃഷ്ണഗിരിയിലെ ടാറ്റാ ഇലക്ട്രോണിക്സ് വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായി.കൃഷ്ണഗിരിയിലെ നാഗമംഗലത്ത് 6500 വനിതാ ജീവനക്കാർക്കായി ടാറ്റാ ഇലക്ട്രോണിക്സ് നടത്തുന്ന ഹോസ്റ്റലിലെ 11 ബ്ലോക്കുകളുള്ള കെട്ടിടത്തിലാണ് സംഭവം. ഒരു മുറിയിൽ നാല് പേരാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഒപ്പം താമസിച്ചിരുന്ന 21 വയസ്സുള്ള നീലുകുമാരി ഗുപ്തയിൽ എത്തിച്ചത്.ഒഡിഷ സ്വദേശിയായ നീലുകുമാരിക്ക് ഒളിക്യാമറ നൽകിയത് ബെംഗളുരുവിൽ മണ്ണുമാന്തി യന്ത്ര ഓപ്പറേറ്ററായി ജോലി ചെയ്യുന്ന 25 വയസ്സുകാരനായ കാമുകൻ സന്തോഷാണ്.
സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് സന്തോഷ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ കാമുകന്റെ നിർബന്ധത്തിന് വഴങ്ങി ഒളിക്യാമറ സ്ഥാപിച്ചതെന്ന് യുവതി മൊഴി നൽകി.സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ മറ്റ് മുറികളിലും പോലീസ് വിശദമായ പരിശോധന നടത്തി. നിലവിൽ, ഒളിക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.