Banner Ads

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രതിക്ക് 50 വർഷം കഠിനതടവും വൻ പിഴയും

തൃശൂർ : പതിനേഴുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവിന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറി(27)നെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ മനസ്സിലാക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർചാവക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്.ഐ. സി.കെ. രാജേഷ് കേസ് രജിസ്റ്റർ ചെയ്തു.

ചാവക്കാട് ഇൻസ്‌പെക്ടർമാരായ കെ.പി. ജയപ്രസാദ്, ബോബിൻ മാത്യു, വിപിൻ കെ. വേണുഗോപാൽ എന്നിവർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി. നിഷ എന്നിവർ ഹാജരായി.