
ദോഹ : ഖത്തറിൽ കസ്റ്റംസ് ജനറൽ അതോറിറ്റി (CGA) ഓൺലൈൻ വഴി പുതിയ പൊതു ലേലം പ്രഖ്യാപിച്ചു. ഒക്ടോബർ 14, 15 തീയതികളിലാണ് ലേലം നടക്കുക. വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, പുരാതന വസ്തുക്കൾ, കണ്ടെയ്നറുകൾ എന്നിവ ഉൾപ്പെടുന്നു.
ലേലത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ കസ്റ്റംസ് ജനറൽ അതോറിറ്റി ക്ഷണിച്ചിരിക്കുകയാണ്. മസാദ് അൽ ജോംറോക്ക് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുന്നത്. പുരാതന വസ്തുക്കളും സ്പോർട്സ് ഉപകരണങ്ങളും അടക്കം കസ്റ്റംസ് പിടിച്ചെടുത്ത നിരവധി സാധനങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.
പൊതുജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ കണ്ടെയ്നറുകളും മറ്റ് നിരവധി വൈവിധ്യമാർന്ന ഇനങ്ങളും ലേലത്തിൽ ലഭ്യമാണ്. ലേലത്തിൽ വെച്ചിട്ടുള്ള 160-ൽ അധികം ഇനങ്ങൾ മസാദ് അൽ ജോംറോക്ക് ആപ്പ് വഴിയോ കസ്റ്റംസ് വെയർഹൗസ് സന്ദർശിച്ചോ മുൻകൂട്ടി പരിശോധിക്കാവുന്നതാണ്.