
ഇരിട്ടി: കടുവയുടെ മുന്നിൽപ്പെട്ട് മരണം മുഖാമുഖം കണ്ട അങ്ങാടിക്കടവ് സ്വദേശിയായ വയോധികൻ സാഹസികമായി രക്ഷപ്പെട്ടു. അങ്ങാടിക്കടവിൽ താമസിക്കുന്ന വള്ളിക്കാവുങ്കൽ അപ്പച്ചനാണ് (64) കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കൃഷിയിടത്തിൽ ശല്യം ചെയ്യുന്ന കുരങ്ങുകളെ തുരത്താനായി വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപ്പച്ചൻ ഏറുപടക്കവുമായി അട്ടയോലി മലയിലെത്തിയത്. ഈ സമയം, ബന്ധുവിന്റെ പറമ്പിൽനിന്ന് കുരങ്ങുകളുടെ അസാധാരണ ശബ്ദം കേട്ട് കുന്നിറങ്ങി ചെന്നപ്പോഴാണ് കൂറ്റൻ കടുവയെ കണ്ടത്.
കടുവ മുന്നിൽ കണ്ടതോടെ ഒട്ടും സമയം കളയാതെ അപ്പച്ചൻ തൊട്ടടുത്തുള്ള ഒരു കശുമാവിലേക്ക് വലിഞ്ഞുകയറി. എന്നാൽ കടുവ പിന്മാറാൻ തയ്യാറായില്ല. മുക്കാൽ മണിക്കൂറോളം കടുവ മരച്ചുവട്ടിൽത്തന്നെ ഭീതി പരത്തി നിന്നു.
കയ്യിലുണ്ടായിരുന്ന ഫോണിൽ ഉടൻതന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചറിയിച്ചതോടെയാണ് സഹായമെത്തിയത്. അങ്ങാടിക്കടവ് ടൗണിൽനിന്ന് ചുമട്ടുതൊഴിലാളി ജയന്റെയും ഡ്രൈവർ ചന്ദ്രന്റെയും നേതൃത്വത്തിൽ ഏതാനുംപേർ സ്ഥലത്തെത്തി. ഇവരുടെ സാന്നിധ്യം അറിഞ്ഞതോടെയാണ് കടുവ പിൻമാറി കാട്ടിലേക്ക് മടങ്ങിയത്.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് അപ്പച്ചനെ സുരക്ഷിതമായി താഴെയിറക്കിയത്. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. സ്ഥലത്ത് വനംവകുപ്പ് അധികൃതർ പരിശോധന നടത്തിവരികയാണ്.