
തിരുവനന്തപുരം:അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭന മരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചുപേരാണ് രോഗം ബാധിച്ച് മരിച്ചത്.
നിലവിൽ പത്തുപേർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ ആശുപത്രി വിട്ടു. ഏഴും, പന്ത്രണ്ടും വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്.ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു കുട്ടിയെ സംശയാസ്പദമായ നിലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പേടിക്കേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത അനിവാര്യമാണ് എന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ബിന്ദു സജിത് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ബോധവത്കരണ ക്യാമ്പയിനുകൾ നടത്താനും അമീബയുടെ സാന്നിധ്യം കണ്ടെത്തിയ ജലാശയങ്ങളിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ:
ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക ,നീന്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക, ജലാശയങ്ങളിൽ ചെളി ഇളക്കുന്നത് ഒഴിവാക്കുക, നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയായി സൂക്ഷിക്കുക, തിളപ്പിക്കാത്ത വെള്ളം മൂക്കിൽ ഒഴിക്കുന്നത് ഒഴിവാക്കുക, പൊതുജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കരുത്, കുടിവെള്ള ടാങ്കുകൾ മൂന്ന് മാസം കൂടുമ്പോൾ വൃത്തിയാക്കണം