ഒന്നിന് പുറകെ ഒന്നായി വ്യവസായ ഭീമന്മാർക്ക് പണികിട്ടുന്നത് ഇന്ന് സാധാരണമാണ്.ദീർഘ വീക്ഷണം കൊണ്ട് വ്യവസായം ആരംഭിക്കുന്ന ഇക്കൂട്ടർക്ക് പാളിച്ചകൾ പറ്റിയതാണ് മരടിലും നോയിഡയിലുമൊക്കെ നമ്മൾ കണ്ടത്.പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ പിഴയടച്ച് പണിനോക്കി പോവുന്നവർക്ക് മരടിനും നോയിഡയ്ക്കും വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.അതുകൊണ്ട് തന്നെ ഭീമൻ കെട്ടിട്ടങ്ങളെല്ലാം ഇന്ന് നാമാവശേഷമാണ്.മരടിന് പിന്നാലെ ഇന്നലെ നോയിഡയിലെ ബഹുക്കൂറ്റൻ കെട്ടിടം നിലം പതിക്കുമ്പോൾ രാജ്യം അത് ഒന്നടങ്കം ആശ്ചര്യത്തോടെയാണ് നോക്കിയത് .
സൂപ്പർടെക് കമ്പനി അനധികൃതമായി നിർമ്മിച്ച നോയിഡയിലെ ഫ്ളാറ്റ് കഴിഞ്ഞ 7 വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനു ശേഷം ഇന്ന് ഇല്ലാതായിരിക്കുന്നു.102 മീറ്റർ ഉയരമുളള ബഹുനില കെട്ടിടം 10 സെക്കറ്റുകൾക്കുളളിൽ ഇല്ലാതായപ്പോൾ അനധികൃതമായി നിലനിൽക്കുന്ന കെട്ടിട ഉടമകൾക്കുളള മുന്നറിയിപ്പുകൾ കൂടിയാണ് അത്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ ഒരു സുപ്രഭാതത്തിൽ എവിടെയും ഉയർന്ന് പൊങ്ങിയിട്ടില്ല.ആരംഭത്തിൽ തന്നെ അനധികൃത നിർമ്മാണങ്ങൾക്ക് തടയിടാൻ സാധിക്കുമെങ്കിലും,പിഴയെടുക്കിയും കൈക്കൂലി നൽകിയും ഉദ്യോഗസ്ഥരെ വശത്താക്കാൻ പരക്കം പാച്ചിലിലാണല്ലോ വ്യാവസായ ഭീമന്മാർ.പിന്നീട് വിഷയം സുപ്രീകോടതിയിൽ എത്തിയപ്പോഴാണ് അനധികൃതമാണ് ഈ കെട്ടിടങ്ങൾ എന്ന തിരിച്ചറിവ് പലർക്കും തോന്നിയത്. വർഷങ്ങൾക്കൊണ്ട് പണിത കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് നിലം പതിക്കുമ്പോൾ അവശേഷിക്കുന്നത് അനേകം ചോദ്യങ്ങളാണ്.അനധികൃതമായി തുടരുന്ന എത്ര ഭീമൻ കെട്ടിടങ്ങൾ ഇനിയും അവശേഷിക്കുന്നെന്നും, കെട്ടിടം പൊളിച്ചതിൻ്റെ അവശേഷിപ്പുകൾ എന്തുചെയ്യുമെന്നും,കോടികൾ ചിലവഴിച്ച് പൊളിക്കൽ നടക്കുമ്പോൾ ഇതിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നുളള ചോദ്യങ്ങൾ നിസ്സാരമല്ല.മരടിൻ്റെ ഉത്തരവാദിത്തത്തെ ചൊല്ലി ഉയർന്ന ചോദ്യങ്ങൾക്ക് പരസ്പരം വിരൽ ചൂണ്ടുന്ന ഉദ്യോഗസ്ഥർ ഒരു ഉദാഹരണം മാത്രം.
2020 ന് മരടിനു വേണ്ടി സൈറൺ മുഴങ്ങിയതിന് പിന്നാലെ സെക്കറ്റുകൾക്കുളളിൽ ആകാശത്തൊരു വിടവ് ബാക്കിയാക്കി മരട് ഇല്ലാതായതിന് സമാനമാണ് നോയിഡയിലെ അവസ്ഥയും.1986 ലെ പരിസ്ഥിതി നിയമങ്ങളെ നോക്കുക്കുത്തിയാക്കി കൊണ്ട് മരടും നോയിഡയിലെ ഫ്ളാറ്റുകളും ഉയർന്നതിനെ തുടക്കത്തിൽ നുളളി കളയാതെ വളരാൻ അനുവദിച്ചത് അധികൃതരുടെ മൗനമാണ്.ജലാശയങ്ങളോട് ചേർന്ന് ഫ്ളാറ്റുകൾ നിർമ്മിച്ചതിനെ തുടർന്ന് മരടും കെട്ടിടങ്ങൾ തമ്മിൽ പാലിക്കേണ്ട ചുരുങ്ങിയ അകലവും അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തുടർന്ന് നിർമ്മിച്ച നോയിഡയിലെയും ഫാള്റ്റുകൾക്ക് സമാനമായി അനേകം ഫ്ളാറ്റുകൾ രാജ്യത്ത് ഉയർന്ന് വരും.അനധികൃതമായ ഇവയ്ക്ക് തുടക്കത്തിൽ തടയിടാൻ എന്തുകൊണ്ട് ഭരണക്കൂടത്തിന് കഴിയാതെ വരുന്നു.അനധികൃതമായവ പൊളിക്കാതിരിക്കാൻ നീതിന്യായ വിഭാഗം ചിന്തിക്കണമെങ്കിൽ അത് നിർമ്മാതാക്കൾ നിർമ്മാണം അനധികൃതമാക്കാതിരുന്നാൽ മതി.അടുത്ത സൈറൺ എന്ന് എവിടെ മുഴങ്ങുമെന്ന് കണ്ടറിയാം.