
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ സുപ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു ആഘോഷിച്ചു വരുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്ക്കുന്നു എന്നതാണ് വിശ്വാസo . കേരളത്തില്‍ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യo തൊട്ട് തലോടുന്നു.വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന് പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും അറിയപ്പെടുന്നു.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അതിനുപരി ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് എത്തി. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്, മുരന്, താമ്രന്, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന് ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ വധിച്ചു . ശ്രീകൃഷ്ണന് അസുര ശക്തിക്കു മേല്‍ വിജയം നേടിയതും വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
മറ്റൊന്ന്; രാക്ഷസ രാജാവായ രാവണന് തന്റെ ലങ്ക ഭരണകാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ സമ്മതിച്ചിരുന്നില്ല. വെയില് കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാല്‍ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന് നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. ഇവിടങ്ങളിൽ വിഷു ദർശനത്തിന് ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്നു. ശബരിമല ധർമ്മ ശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളോട് കൂടി ദർശനം സാധ്യമാണ്.
വിഷുക്കണി:വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത് . കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുന്നു.
വിഷുക്കൈനീട്ടം:കണി കണ്ടതിനുശേഷം ഗൃഹനാഥൻ അല്ലെങ്കിൽ ഗ്രഹനാഥ കുടുംബാംഗങ്ങൾക്ക് നൽകുന്ന വെള്ളിനാണയം വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ നൽകിയിരുന്നത് സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. പ്രത്യേകിച്ച് വരുമാനവും തൊലിഴും ഉള്ള ആളുകൾ ആണ് ഇത്തരത്തിൽ കൈനീട്ടം നൽകിയിരുന്നത്.
കണിക്കൊന്ന: കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്