‘എനിക്കിപ്പോൾ സമാധാനത്തോടെ പുറത്ത് പോകാൻ സാധിക്കുന്നില്ല. എനിക്കെന്റെ മകനുമായി വീടിന് പുറത്തിറങ്ങി ഫുട്ബോൾ കളിക്കണം. പഴയ പോലെ ആകണം’. ഇസ്ലാമിക മതയാഥാസ്ഥിതികർ തന്റെ സാത്താനിക്ക് വെഴ്സസിനുനേരെ മതഭ്രാന്തിന്റെ തീ തുപ്പിയിട്ട്, ആയത്തുള്ള ഖൊമെയ്നി തനിക്ക് നേരെ ഫത്വ പുറപ്പെടുവിച്ചിട്ട്, ഇരുപത് വർഷത്തിന് ശേഷം സൽമാൻ റുഷ്‌ദി പറഞ്ഞ വാക്കുകളാണ് ഇവ. ഓർക്കണം, കാലം അത്ര കടന്നുപോയിട്ടും മനുഷ്യർ ഏറെ വന്നുപോയിട്ടും മതത്തിനെതിരെ എന്ന് കരുതപ്പെട്ട ഒരു സ്ഥിതിവിശേഷം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെടുകയും, അതൊരു മനുഷ്യനെ ഇന്നും നിരന്തരമായി വേട്ടയാടുകയും ചെയ്യുന്നു. പൊറുക്കാനും വിട്ടുകളയാനും, ക്രിയാത്മകതയെ അത്തരത്തിൽ കാണാനും വിസമ്മതിക്കുന്ന മതപ്രത്യയശാസ്ത്രങ്ങൾ തങ്ങളുടെ ഇരയെ കാലാകാലത്തോളം, പ്രതികാരം കാത്തുസൂക്ഷിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നു. നോവൽ ഇറങ്ങി മുപ്പത്തിമൂന്ന് വർഷത്തിന് ശേഷവും സൽമാൻ റുഷ്ദി കുത്തിവീഴ്ത്തപ്പെടുമ്പോൾ, മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ഫത്വ നടപ്പിലാക്കപ്പെടുമ്പോൾ, ഏത് മനുഷ്യത്വമാണ് തലകുനിക്കേണ്ടത്? ഏത് മാനവവികാസമാണ് നാണം കെട്ടുനിൽക്കുന്നത്?
മതങ്ങൾക്കെതിരെയോ മതത്തെ പരാമർശിച്ചോ കലകൾ വരുമ്പോൾ ഹാലിളകി വരുന്ന വെട്ടുകിളിക്കൂട്ടങ്ങൾ സാർവ്വലൗകികമായ ഒരു പ്രക്രിയയാണ്. റുഷ്‌ദി മുതൽ എസ്. ഹരീഷ് വരെ, തലമുറവ്യത്യാസമില്ലാതെ ആ ചടങ്ങ് കൃത്യമായി നടന്നുവരുന്നുണ്ട്. പുരോഗമിക്കുന്ന സമൂഹം എന്നത് ഒരു മിഥ്യാധാരണയാണെന്ന് തെളിയിക്കുന്ന അസഹിഷ്ണുതയുടെ ഈ ആൾക്കൂട്ടങ്ങൾ കാലാവർത്തിയാണ് എന്ന് അടിവരയിട്ട് തെളിയിക്കുകയാണ് റുഷ്‌ദിക്ക് നേരെ ന്യൂയോർക്കിൽ വെച്ചുണ്ടായ ആക്രമണം.
വധിച്ചുകളയുക എന്നതായിരുന്നു 1989 ൽ ഖൊമെയ്നിയുടെ ആജ്ഞ. ലോകമുസ്ലീങ്ങൾ ഈ ആജ്ഞ ഏറ്റെടുക്കണമെന്നും പുസ്തകം തിരസ്കരിക്കണെമെന്നും അയാൾ കൂട്ടിച്ചേർത്തു. റുഷ്‌ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. തലയ്ക്ക് വിലയിട്ടു. മരണം വരെ പേടിയിൽ കുളിച്ചുനടക്കേണ്ട ഗതികേടിലേക്ക് റുഷ്ദിയുടെ ജീവിതം അവിടംതൊട്ട് മാറുന്നു.
കലയോടുള്ള അസഹിഷ്ണുത യാഥാസ്ഥിതികർ പ്രകടിപ്പിച്ചത് റുഷ്‌ദിയോട് മാത്രമായിരുന്നില്ല. 1997 ൽ തസ്ലിമ നസ്രീനിന്റെ ‘ലജ്ജ’ എന്ന പുസ്തകം പുറത്തിറങ്ങിയപ്പോഴും ഇസ്ലാമിക മതമൗലികവാദികളുടെ പക്കൽ നിന്നും ഭീഷണിയുണ്ടായിരുന്നു. പുസ്തകം ബംഗ്ലാദേശിൽ ബഹിഷ്കരിക്കപ്പെട്ടു. തസ്ലിമക്കെതിരെ ഫത്വ പുറപ്പെടുവിക്കപ്പെട്ടു. ചരിത്രത്തിന്റെ അതേ ആവർത്തനം. കാലം മാത്രം വ്യത്യാസം. റുഷ്ദിയുടെ മാജിക്കൽ റിയലിസത്തിനേക്കാൾ എത്രയോ മൂർച്ഛയേറിയതായിരുന്നു തസ്ലിമയുടെ നേർ അനുഭവസാക്ഷ്യങ്ങൾ. അതിന് ചരിത്രത്തിന്റെ പിൻബലവും ആധികാരികതയുമുണ്ടായിരുന്നു. സത്യമുണ്ടായിരുന്നു. പക്ഷെ അസഹിഷ്ണുതയുടെ പ്രകടപരതക്ക് എന്ത് സത്യം? എന്ത് നീതി?
മതയാഥാസ്ഥിതികവാദികളുടെ ഇത്തരം അസഹിഷ്ണുതകൾ ഒരിക്കലും ഒരിടത്തെയോ പ്രദേശത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല, ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. സർവ്വജനാതിപത്യ രാജ്യമായ ഇന്ത്യയിലും യഥേഷ്ടം അവ നടന്നുപോരുന്നുണ്ട്. അർദ്ധനാരീശ്വരനിലെ ചില കഥാസന്ദർഭങ്ങൾക്ക് ആചാരസംരക്ഷകരുടെ പക്കൽനിന്ന് വലിയ വിമർശനമേൽക്കേണ്ടിവന്ന പെരുമാൾ മുരുകൻ നമ്മുടെ അയൽക്കാരനാണ്. അന്നാ വിവാദത്തിനുശേഷം പെരുമാൾ മുരുകൻ ഇത്തരത്തിൽ എഴുതി, ‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു. അയാൾ ദൈവമല്ലാത്തകാരണം ഉയർത്തെഴുന്നേൽക്കാൻ പോകുന്നില്ല. അയാൾക്കതിൽ വിശ്വാസവുമില്ല. ഒരു സാധാരണ അധ്യാപകനായ മുരുകനെ ഇന്നുള്ളു. അയാളെ വെറുതെ വിടുക’. ആചാരവാദികൾ അയാളെ ആക്രമിക്കാൻ ശ്രമിച്ചു. ഒറ്റപ്പെടുത്തി. ചേരിയിലെ ആൾ എന്ന് പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചു. പക്ഷെ വീണ്ടും അയാൾ എഴുതി. ഒരു പ്രതികാരമെന്ന പോൽ. സമാനമായ ഒരു ബഹിഷ്കരണം നമ്മുടെ നാട്ടിലുമുണ്ടായി. മീശ എന്ന നോവലിലെ ഒരു പരാമർശം ഭക്തിപ്രസ്ഥാനങ്ങളെ പൊള്ളിക്കുകയും എഴുത്തുകാരനും പ്രസാധകർക്കും സമൂഹത്തോട് നേരിട്ട് മാപ്പപേക്ഷിക്കുകയും ചെയ്യേണ്ടിവന്നു.
വിമർശനാതീതമായ കല എന്നൊന്നില്ല. മാന്യമായ വിമർശനം എല്ലാ കലയും അർഹിക്കുന്നുണ്ട്. കലയെ സംബന്ധിച്ച് അതൊരു പുനരുദ്ധാരണപ്രക്രിയ കൂടിയാണ്. പക്ഷെ വിമർശനങ്ങളോട് മുഖംതിരിക്കുന്ന, സഹിഷ്ണുതയോട് വിദൂരബന്ധം പുലർത്തുന്നവരാണ് നമ്മുടെ മതപ്രസ്ഥാനങ്ങൾ എന്നതാണ് സത്യം. അതാണ് നമ്മുടെ ഭീഷണിയും. പുതിയ കാലത്തോടും പുതിയ സ്വഭാവങ്ങളോടും അനുഭാവം പുലർത്തേണ്ടതിനുപകരം മാറ്റം എന്നൊന്നില്ല എന്നടിയുറച്ചുപറയുന്ന ഇത്തരം വിഭാഗങ്ങൾ കാലചക്രത്തെ പിന്നോട്ട് നടത്തിക്കുകയാണ്.
പുരോഗമനം, മാറ്റം, വിമർശനം എന്നീ വാക്കുകളെയെല്ലാം ഒരു പരാതിയായി ഉന്നയിക്കുന്ന ഇവരെല്ലാം വേഷങ്ങളിൽ മാത്രമേ വ്യത്യസ്തരാകുന്നുള്ളു. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്രം ഇവർക്കെല്ലാം പൊതുവാണ്.